Tuesday 7 June 2016

ആധുനിക ലിപി - 2016

2012 ഡിസംബര്‍ 19-നു കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധസമിതി മലയാളത്തിനു് ശ്രേഷ്ഠഭാഷാപദവി നല്‍കുന്നതു് അംഗീകരിച്ചു. 2013 മേയു് 23-നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായാഗം മലയാളത്തെ ശ്രേഷ്ഠഭാഷയായി പ്രഖ്യാപിച്ചു.

1971ല്‍ തുടങ്ങിയ ലിപിപരിഷ്ക്കാര കഥയിലേക്കൊരെത്തിനോട്ടം - അച്ചടിശാലകള്‍ക്കും റ്റൈപ്പ്റൈറ്ററിനും വേണ്ടി ലിപി പരിഷ്ക്കരണം നടപ്പിലാക്കിയിട്ടു വര്‍ഷം 15 കഴിഞ്ഞിരിക്കുന്നു. ടൈപ്പ്റൈറ്ററിന്റെ യുഗം മാറി. ഇന്നു് എല്ലാ സര്‍ക്കാര്‍ ആപ്പീസിലും റ്റൈപ്പ് റൈറ്ററിന്റെ സ്ഥാനം കംപ്യൂട്ടര്‍ കയ്യടിക്കിയിരിക്കുന്നു. അച്ചടിക്കും കംപ്യൂട്ടര്‍ ആണുപയോഗിക്കുന്നതു്. മലയാളഭാഷയില്‍ എന്നല്ല ഏതൊരു ഭാഷയിലും ലിപികളുടെ എണ്ണം ഒരു പ്രശ്നമല്ലാതായിത്തീര്‍ന്നിരിക്കുന്നു. എന്നിട്ടും റ്റൈപ്പ്റൈറ്ററിനു വേണ്ടി ഉപയോഗിച്ചിരുന്ന പുതിയ ലിപി തന്നെ പുതിയ തലമുറ ഉപയോഗിച്ചു പോരുന്നു. പഴയ ലിപി വേണോ പുതിയ ലിപി വേണോ എന്ന കാര്യത്തില്‍ പല വിധ തര്‍ക്കങ്ങളും മറികടന്നു പഴയതും പുതിയതും ചേര്‍ന്നുള്ള ഒരു തരം ലിപി സംവിധാനം, ആധുനികലിപി എന്നു നമുക്കിതിനെ വിളിക്കാം, അച്ചടിമാദ്ധ്യമങ്ങളിലും റ്റൈപ്പ് റൈറ്ററിലും കയ്യെഴുത്തിനും കടന്നുകൂടിയിരിക്കുന്നു.



മുകളില്‍ കാണിച്ചിരിക്കുന്ന ലിപി പരിഷ്ക്കരണ ഉത്തരവ് അച്ചടിശാലകള്‍ക്കും റ്റൈപ്പ് റൈറ്ററിനും വേണ്ടി മാത്രം ഉദ്ദേശിച്ചാണു് 1971-ല്‍ ഇറക്കിയിരുന്നതു്. പാഠപുസ്തകങ്ങളിലും അച്ചടി മാദ്ധ്യമങ്ങളിലും മാത്രമല്ല കയ്യെഴുത്തിലും കയറിക്കൂടിയ ഈ അക്ഷരരൂപങ്ങള്‍ പുതിയ ലിപി എന്ന ഓമനപ്പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. അതു വരെ ഉപയോഗിച്ചു പോന്ന മലയാളം ലിപി സ്വാഭാവികമായും പഴയ ലിപി എന്ന പേരില്‍ ആയി.


അച്ചടിച്ചു കിട്ടുന്ന പുസ്തകങ്ങള്‍ പുതിയ ലിപിയിലായെങ്കിലും കയ്യെഴുത്തിനു പഴയ ലിപി തന്നെ സ്ക്കൂളുകളില്‍ പഠിപ്പിക്കണം എന്ന സര്‍ക്കാര്‍ ഉത്തരവിലെ നിര്‍ദ്ദേശം അപ്രായോഗികമായി അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തോന്നുകയാല്‍ ലിപി ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായി കയ്യെഴുത്തിലും ഈ പുതിയ ലിപി കടന്നു കൂടി. 1972 മുതല്‍ സ്ക്കൂളില്‍ പഠനം തുടങ്ങിയ കുട്ടികള്‍ (2016-ല്‍ 49 വയസ്സിനു താഴെ പ്രായം ഉള്ളവര്‍ ) പുതിയ ലിപി മാത്രമാണു പഠിച്ചു തുടങ്ങിയതെന്നതിനാല്‍ അതു വരെ നിലവിലുണ്ടായിരുന്ന പഴയ ലിപിയിലെ പ്രസിദ്ധീകരണങ്ങള്‍ വായിക്കുവാന്‍ അവര്‍ക്കു ബുദ്ധിമുട്ടായിരുന്നു. പക്ഷെ 1972 നു മുന്‍പേ സ്ക്കൂളില്‍ പഠിനം തുടങ്ങിയവര്‍ (2016-ല്‍ 49നും 59നും ഇടയില്‍ പ്രായമുള്ളവര്‍) 1972-നു ശേഷം രണ്ടു തരം ലിപികളും ഇടകലര്‍ത്തി എഴുതിത്തുടങ്ങി. 1972നു മുന്‍പേ സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവര്‍ (2016-ല്‍ 59 വയസ്സു കഴിഞ്ഞവര്‍)  പഴയ ലിപി തന്ന എഴുതുവാന്‍ ഉപയോഗിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പഴയ ലിപി മാത്രം എഴുതുവാന്‍ ഉപയോഗിക്കുന്നവര്‍ ആരും തന്നെ ഇന്നു സര്‍ക്കാര്‍ സര്‍വ്വീസില്‍ ഇല്ല. 2022 ആകുമ്പോഴേക്കും പുതിയ ലിപിയില്‍ തന്നെ എഴുതുവാന്‍ പഠിച്ചവര്‍ മാത്രമേ സര്‍ക്കാര്‍ സര്‍വ്വീസില്‍‍ ബാക്കി ഉണ്ടാവുകയുള്ള. വിദ്യാഭ്യാസ സമ്പ്രദായത്തെ സംബന്ധിക്കുന്ന ചര്‍ച്ചകളിലും അതില്‍ നിന്നുരിത്തിരിഞ്ഞു വരുന്ന തീരുമാനങ്ങളിലും ഇവര്‍ പറയുന്ന അഭിപ്രായങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. ഇവര്‍ പഴയ ലിപി ഉപയോഗിക്കാത്തവര്‍ ആണെന്നിരിക്കെ സ്വാഭാവികമായും അവര്‍ പുതിയ ലിപിയ്ക്കു വേണ്ടി വാദിക്കുന്നവര്‍ ആയിരിക്കും. അതിനാല്‍ പഴയ ലിപിയിലേക്കൊരു തിരിച്ചു പോക്കുണ്ടാവാന്‍ സാദ്ധ്യത ഇല്ല. കൂടി വന്നാല്‍ ഇടകലര്‍ന്ന ലിപി സ്വീകരിക്കപ്പെട്ടേക്കാം.

പഴയതും പുതിയതും ആധുനികവും തമ്മില്‍ പ്രായോഗിക തലത്തില്‍ ഇക്കാലത്തുപയോഗിക്കുന്ന രീതി നോക്കാം.


ഈ പരിഷ്ക്കരണം കാരണം നഷ്ടപ്പെട്ട ലിപിരൂപങ്ങള്‍ ഒന്നു പരിശോധിക്കാം


ഋകാരത്തിന്റെ കാര്യം നോക്കാം. ഋകാരം വര്‍ജ്ജിക്കുന്ന ഒരു സമ്പ്രദായം ആണു് 1971 ലെ ഉത്തരവില്‍ നിര്‍ദ്ദേശിക്കപ്പെട്ടതു്. ഋഷി, ഋഷഭം (സംഗീതത്തിലെ പ്രയോഗം) എന്നതിനു പകരം രിഷി, രിഷഭം ഇത്യാദി ആയി റ്റൈപ്പ് റൈറ്ററിലെ ഉപയോഗം. എന്നാല്‍ കംപ്യൂട്ടറില്‍ ഋഷഭം വ്യക്തമായി ഉപയോഗിക്കാമെന്നിരിക്കിലും ശീലിച്ചതേ പാലിക്കൂ എന്ന വാശിയില്‍ ഋഷഭത്തിന്റെ ഉപയോഗം സര്‍വ്വസാധാരണമായിട്ടില്ല.


രേഫം ചേര്‍ക്കുന്ന പഴയ ലിപിയിലെ കൂട്ടക്ഷരം ആധുനികലിപിയില്‍ വളരെ കുറച്ചു പേര്‍ മാത്രമേ ഉപയോഗിക്കുന്നതായി കാണുന്നുള്ളു. കൂട്ടക്ഷരത്തിനു മുന്‍പില്‍ ര്‍ ചേര്‍ക്കുന്ന രീതി ആധുനികലിപിയില്‍ തുടരുന്നു.


കൂട്ടക്ഷരങ്ങള്‍ മിക്കതും ആധുനികലിപിയില്‍ തിരിച്ചെത്തി എന്നതു സ്വാഗതാര്‍ഹമായ ഒരു കാര്യം തന്നെ. എന്നിരുന്നാലും മേല്‍കീഴായി എഴുതേണ്ട കൂട്ടക്ഷരങ്ങള്‍ക്കു അക്ഷരങ്ങള്‍ക്കിടയില്‍ ഇന്നും ചന്ദ്രക്കല ചേര്‍ത്താണുപയോഗിക്കുന്നതു്. വരികള്‍ തമ്മിലുള്ള വിടവു സ്ഥായിയായി നിലനിര്‍ത്താന്‍ വേണ്ടിയാണത്രെ ഇങ്ങനെയുള്ള കൂട്ടക്ഷരങ്ങള്‍ അച്ചടി മാദ്ധ്യമങ്ങളില്‍ ഉപയോഗിക്കുന്നതു്.


ചന്ദ്രക്കലയുടെ കാര്യത്തില്‍ ആകെമൊത്തംടോട്ടല്‍ ആശയക്കുഴപ്പം ആധുനികലിപിയില്‍ നിലനില്‍ക്കുന്നു. സംവൃതോകാരം എന്ന പ്രയോഗം എന്താണെന്നു പോലും സ്ക്കൂളില്‍ പഠിപ്പിക്കുന്നില്ല. അതറിയാവുന്ന അദ്ധ്യാപകര്‍ തന്നെ എത്ര പേര്‍ ഇക്കാലത്തു ജീവിച്ചിരിപ്പുണ്ടെന്ന കാര്യത്തിലും സംശയം തന്നെ. ചേരാത്ത കൂട്ടക്ഷരപ്രയോഗം ചേര്‍ത്തു വായിക്കുവാനും സംവൃതോകാരം ആവശ്യം വരുന്നിടത്തും വ്യഞ്ജനത്തിനു ഹൃസ്വഛായ നല്‍കേണ്ടിടത്തും എല്ലാം ചന്ദ്രക്കല പ്രയോഗം തന്നെ. ഉദാഃ pIC 02

യ് ര് ല് വ് എന്നീ മദ്ധ്യമങ്ങള്‍ ചേര്‍ന്നു വരുന്ന കൂട്ടക്ഷരങ്ങള്‍ റ്റൈപ്പ് റൈറ്ററിലും കംപ്യൂട്ടറിലും ഒരേ പോലെ ഉപയോഗിക്കുന്നതിനാല്‍ ആധുനിക ലിപിയിലും തഥൈവ. ഉദാഃ ക്യ ക്ര ക്ല ക്വ


സോഫ്റ്റ്വേര്‍, പാഴ്വേല,  തുടങ്ങിയ വാക്കുകള്‍ റ്റൈപ്പടിക്കുമ്പോള്‍ അടുത്തടുത്തു വരുന്ന അക്ഷരങ്ങള്‍ കൂട്ടക്ഷരങ്ങള്‍ ആയി മാറാതിരിക്കാന്‍ ഉപയോഗിക്കുന്ന ഒന്നാണു zwnj അധവാ zero width non-joiner. Windowsല്‍ ഇതിന്റെ key combination Control+Shift+2 ആണെങ്കില്‍ മറ്റു Inscript Keyല്‍ reverse slash ‌‌\ ആണുപയോഗിക്കേണ്ട key. ഉദാഃ സോഫ്റ്റ്‌വേര്‍ എന്നു കിട്ടാന്‍ വ എന്ന അക്ഷരത്തിനു മുന്നില്‍ \ അടിക്കണം.


ര് റ് എന്നു ചേരുന്ന കൂട്ടക്ഷരങ്ങള്‍ പുതിയ ലിപിയില്‍ എന്ന പോലെ വ്യഞ്ജനത്തിനു മുന്നിലായാണു പലരും ഉപയോഗിക്കുന്നതു്. ഇവ വ്യഞ്ജനത്തോടു ചേര്‍ന്നു വ്യഞ്ജനത്തിനു രൂപ വ്യത്യാസം വരുന്ന രീതി കംപ്യൂട്ടറില്‍ സാദ്ധ്യമാണെങ്കിലും ആരും രൂപവ്യത്യാസം വരുന്ന വ്യഞ്ജനം ഉപയോഗിച്ചു കാണുന്നില്ല. ഉദാഃ ക്ര കൃ

ക്ര എന്നതു കിട്ടുന്നതെങ്ങനെ എന്നറിയാതെ open bracket ആയ ( ഉപയോഗിച്ചു ക്ര ത്ര എന്നതിനു പകരം (ക (ത എന്നും മറ്റും ഉപയോഗിക്കുന്നവരും ഇല്ലാതില്ല.

ചില്ലക്ഷങ്ങള്‍ പഴയതു പോലെ തന്നെയെങ്കിലും ക യുടെ ചില്ലക്ഷരം ക്‍ അധികം ഉപയോഗിക്കുന്നതായി കാണുന്നില്ല. ഉദാഃ വാക്‍സ്സാമര്‍ദ്ധ്യം. ചില്ലക്ഷരത്തിനു ശേഷം വരുന്ന വ്യഞ്ജനം ഇരട്ടിക്കും എന്ന നിയമം  ശ്രദ്ധിക്കപ്പെടുന്നില്ല.

(zero width joinerഉം ചില്ലക്ഷരവും: രേഖയില്‍ ഒരു രൂപവും വരാത്തതും എന്നാല്‍ ചില്ലക്ഷരം ചേര്‍ക്കാന്‍ ഉപയോഗിക്കുന്നതും ആണു ഈ character)

കംപ്യൂട്ടറില്‍ ചില്ലക്ഷരം രണ്ടു തരത്തില്‍ ഉണ്ടു്.
1. zwj ചില്ലക്ഷരവും
2. atomic ചില്ലക്ഷരം.‌
ഇതില്‍ ഏതുപയോഗിക്കണം എന്ന കാര്യത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നു. പരിഷ്ക്കരിച്ച പല മലയാളം ഫോണ്ടുകളിലും രണ്ടു തരം ചില്ലക്ഷരവും ലഭിക്കും. എന്നാല്‍ google സോഫ്റ്റ്‌വേറുകള്‍ ഉദാഃ google search, gmail zwjനെ തിരിച്ചറിയുന്നില്ല എന്നതിനാല്‍ zwjചില്ലക്ഷരം ഉപയോഗിക്കുമ്പോള്‍ അവയെ ര് ല് ള് ണ് ന് എന്നിങ്ങനെയാണു display ചെയ്യുന്നതു്. ഇതിനൊരു പരിഹാരം ആണു് atomic chillaksharam. madhavam inscript keyboardല്‍ രണ്ടു തരം ചില്ലക്ഷരങ്ങളും റ്റൈപ്പു ചെയ്യുവാന്‍ സാധിക്കും. പക്ഷെ വായിക്കുവാന്‍ ഉപയോഗിക്കുന്ന ഫോണ്ടില്‍ atomic ചില്ലക്ഷരം ഇല്ല എങ്കില്‍ എതു് ഒരു ചതുരമോ ചോദ്യചിഹ്നമോ ആയിട്ടായിരിക്കും display ചെയ്യുക എന്ന പ്രശ്നം ഉണ്ടു്.

ചില്ലക്ഷരം റ്റൈപ്പു ചെയ്യാന്‍ അറിയാത്തവര്‍ പലരും ചന്ദ്രക്കല ചേര്‍ത്ത വ്യഞ്ജനം ബോധപൂര്‍വ്വം ഉപയോഗിക്കുന്നതും അപൂര്‍വ്വമല്ല. ഉദാഃ ര് ല് ള് ണി ന്.

Windowsല്‍ zwj കിട്ടാന്‍ keycombination Control+Shift+1 ഉപയോഗിക്കുമ്പോള്‍ മറ്റു Inscript Keyboardല്‍ closed square bracket ആയ ] ആണുപയോഗിക്കേണ്ട key. ഉദാഃ ന്‍ കിട്ടാന്‍ ന ് ] എന്നിങ്ങനെ ഇടയില്‍ space ഇല്ലാതെ.

----------------------------------------------------------------------------------------------------------------------------------------------------

അക്ഷരത്തെറ്റുകള്‍ഃ